നാലാമത് അന്താരാഷ്ട്ര ഖുര്ആന് കോണ്ഫറന്സിന് ഉജ്ജ്വല തുടക്കം തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയിലെ ഖുര്‍ആന്‍ പഠനവകുപ്പ് സംഘടിപ്പിക്കുന്ന നാലാമത് അന്താരാഷ്ട്ര ഖുര്ആന് കോണ്ഫറന്സിന് ഉജ്ജ്വല തുടക്കം 'ബഹുസ്വരതയും വൈവിധ്യവും: ഖുര്‍ആനിക വീക്ഷണം' എന്ന പ്രമേയത്തില്‍ നടത്തപ്പെടുന്ന ത്രിദിന കോണ്‍ഫറന്‍സ് മലേഷ്യയിലെ ഇന്റര്‍നാഷനല്‍ ഇസ്ലാമിക് യൂനിവേഴ്സിറ്റി ഖുര്‍ആന്‍ വിഭാഗം പ്രഫസര്‍ ഡോ. നഷ്വാന്‍ അബദുല്‍ ഖാലിദ് ഉദ്ഘാടനം ചെയ്തു. പുതിയകാലത്ത്
ഖുര്‍ആനിക പഠനങ്ങള്‍ക്കും ഗവേഷണള്‍ക്കും കൂടുതല്‍ പ്രസക്തിയുണ്ടെന്നും ബഹുസ്വരതയുടെ ഖുര്‍ആനികാധ്യാപനങ്ങള്‍ പുതിയ വായനകള്‍ക്കു വിധേയമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി മുഖ്യപ്രഭാഷണം നടത്തി. രജിസ്ട്രാര്‍ എം.കെ ജാബിര്‍ അലി ഹുദവി അധ്യക്ഷനായി. അലിഗഡ് മുസ്ലിം യൂനിവേഴ്സിറ്റി മലപ്പുറം സെന്റര്‍ ഡയറക്ടര്‍ ഡോ. ഫൈസല്‍ ഹുദവി മാരിയാട്, എ.ടി. ഇബ്രാഹീം ഫൈസി കരുവാരകുണ്ട്, കെ.സി മുഹമ്മദ് ബാഖവി, പി. മുഹമ്മദ് ഇസ്ഹാഖ് ബാഖവി, സി.എച്ച് ശരീഫ് ഹുദവി, ഡോ. സുഹൈല്‍ ഹുദവി, ഡോ. ജഅ്ഫര്‍ ഹുദവി സംബന്ധിച്ചു. ഹാഷിം പി.സി കണ്ണൂര്‍ സ്വാഗതവും അനീസ് ടി കുമ്പിടി നന്ദിയും പറഞ്ഞു.
അലിഗഡ് മുസ്ലിം യൂനിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഖുര്‍ആനിക് സ്റ്റഡീസിന്റെയും കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇസ്ലാമിക് ചെയറിന്റെയും സഹകരണത്തോടെ നടത്തപ്പെടുന്ന കോണ്‍ഫറന്‍സില്‍ പത്തിലധികം രാഷ്ട്രങ്ങളില്‍ നിന്നുള്ള ഖുര്‍ആന്‍ പണ്ഡിതരും ഗവേഷക വിദ്യാര്‍ത്ഥികളും ഗവേഷണപ്രബന്ധങ്ങളവതരിപ്പിക്കും. എട്ടു സെഷനുകളിലായി മുപ്പതിലധികം പ്രബന്ധങ്ങളാണവതരിപ്പിക്കുക.
കോണ്‍ഫറന്‍സിന്റെ രണ്ടാം ദിനമായ ഇന്ന് സംസ്‌കാരവും സമ്പദ്വ്യവസ്ഥയും, മാനവികതയും മൗലികാവകാശങ്ങളും, സഹിഷ്ണുത, സംസ്‌കാരിക വൈവിധ്യം, ബഹുസ്വരത, ശൂറയും രാഷ്ട്രീയവും തുടങ്ങി അഞ്ചു അക്കാദമിക് സെഷനുകള്‍ നടക്കും. വൈകിട്ടു ഗ്രീന്‍ലന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമാപന സെഷന്‍ ഖുവൈത്ത് യൂനിവേഴ്സിറ്റി ഖുര്‍ആന്‍ വിഭാഗം പ്രഫസര്‍ ഡോ. ഫൈസല്‍ ഖല്ലാഫ് ഉദ്ഘാടനം ചെയ്യും. ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷത വഹിക്കും.
പ്രമുഖ അമേരിക്കന്‍ ഖുര്‍ആന്‍ പണ്ഡിതന്‍ പ്രഫ. ഡോ. ജോസഫ് ലംബാര്‍ഡ് മുഖ്യപ്രഭാഷണം നടത്തും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ഡോ. യു.വി.കെ മുഹമ്മദ്, ഏഷ്യന്‍ യൂനിവേഴ്സിറ്റി പ്രഫസര്‍ ഡോ. മുഹമ്മദ് അബു യാസീന്‍, ബംഗ്ലാദേശ് ഇസ്ലാമിക് യൂനിവേഴ്സിറ്റി പ്രഫ. ഡോ. അബു സ്വാലിഹ് ത്വാരിഖുല്‍ ഇസ്ലാം തുടങ്ങിയവര്‍ സംസാരിക്കും.