ജനറല്‍ പേജില്‍ കൊടുക്കാന്‍ അപേക്ഷ
ദാറുൽഹുദാ റൂബി ജൂബിലി; 'ഇന്തോ-അറബ് റിലേഷൻസ്' അന്താരാഷ്ട്ര കോൺഫറൻസിന് തുടക്കമായി
തേഞ്ഞിപ്പലം/ തിരൂരങ്ങാടി: ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാല നാൽപതാം വാർഷിക റൂബി ജൂബിലിയോട് അനുബന്ധിച്ച് കൈറോയിലെ ലീഗ് ഓഫ് യൂനിവേഴ്സിറ്റീസ്, കാലിക്കറ്റ് സർവകലാശാല എന്നിവരുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 'ഇന്തോ-അറബ് റിലേഷൻസ്' അന്താരാഷ്ട്ര കോൺഫറൻസിന് കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇ.എം.എസ് സെമിനാർ ഹാളിൽ തുടക്കമായി.
ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്കാരിക ബന്ധങ്ങളും വിനിമയങ്ങളും ചർച്ച ചെയ്യുന്ന കോൺഫറൻസ് ലീഗ് ഓഫ് ഇസ്‌ലാമിക് യൂനിവേഴ്സിറ്റീസ് ജന. സെക്രട്ടറി പ്രൊഫ. സാമി മുഹമ്മദ് റബീഹ് അശ്ശരീഫ് ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് സർവകലാശാല അറബിക് ഡിപ്പാർട്ട്മെൻ്റ് മേധാവി പ്രൊഫ.ടി.എ അബ്ദുൽ മജീദ് അധ്യക്ഷനായി. അലീഗഢ് സർവകലാശാല മലപ്പുറം ഡയറക്ടർ ഡോ. ഫൈസൽ കെ.പി മാരിയാട് ആമുഖ പ്രഭാഷണം നടത്തി. ദാറുൽഹുദാ വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി പ്രമേയ പ്രഭാഷണം നിർവഹിച്ചു. കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ.കെ.എൻ കുറുപ്പ് മുഖ്യാതിഥിയായി.
ഡോ. അബ്ദുറഹ്‌മാൻ അരീഫ് അൽ മലാഹിമി ജോർദാൻ, ഡോ. സ്വാലിഹ് ബിൻ യൂസുഫ് അൽ ജൗദർ ബഹ്റൈൻ, പ്രൊഫ. ഡോ. രിയാദ് ബാസു ലബനാൻ, അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി എന്നിവർ വിഷയാവതരണം നടത്തി.
കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. വാസുമതി.ടി, ഡോ. റഷീദ് അഹ്മദ്, സ്കൂൾ ഓഫ് ലാഗ്വേജ് ഡീൻ ഡോ. എ.ബി മൊയ്തീൻ കുട്ടി, പ്രൊഫ. ഡോ. എൻ.എ അബ്ദുൽ ഖാദർ തുടങ്ങിയവർ ആശംസ നേർന്നു.
പ്രൊഫ. ഡോ. അലവി ഈസാ അഹ്‌മദ് അൽ ഖൗലി ഈജിപ്ത്, പ്രൊഫ. ഡോ. മുഹമ്മദ് അബ്ദുല്ല മഗ്‌രിബി ലബനാൻ, വലീദ് അബ്ദുൽ മുൻഇം ഈജിപ്ത്, ഹാതിം സാല അബ്ദുല്ലത്വീഫ് മുഹമ്മദ് അൽറൂമി ഈജിപ്ത്, പ്രൊഫ. ഡോ. മുഹമ്മദ് അലി ഹസ്സൻ സെൻഹൂർ ഈജിപ്ത്, പ്രൊഫ. ഡോ. യു.വി.കെ മുഹമ്മദ്, ഡോ. മുനീർ ജി.പി പങ്കെടുത്തു.
ഇന്നും നാളെയും കൂടി നീണ്ടുനിൽക്കുന്ന കോൺഫറൻസിൽ നിരവധി വിദേശ പ്രതിനിധികളും അക്കാദമിക ഗവേഷകരും വ്യത്യസ്ത വിഷയങ്ങളിൽ പ്രബന്ധമവതരിപ്പിക്കും.