
MoU on Academic Cooperation between Darul Huda and Al-Azhar, Egypt
ദാറുല്‍ഹുദായും ഈജിപ്തിലെ അല്‍അസ്ഹറും തമ്മിൽ അക്കാദമിക സഹകരണത്തിനു ധാരണ
തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‌സിറ്റിയും ഈജിപ്തിലെ പരമോന്നത വിദ്യാകേന്ദ്രമായ അല്‍അസ്ഹര്‍ യൂനിവേഴ്സിറ്റിയും തമ്മില്‍ അക്കാദമിക സഹകരണത്തിനു ധാരണയായി. കെയ്‌റോയിലെ അൽഅസ്ഹർ ക്യാമ്പസിലെ ചാൻസിലറുടെ ചേംബറിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ അസ്ഹർ ചാൻസലർ പ്രൊഫ. ഡോ. സലാമ ജുമുഅ ദാവൂദും ദാറുൽഹുദാ വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‍വിയും ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇസ്‌ലാമിക സര്‍വകലാശാലകളുടെ അന്തര്‍ദേശീയ കൂട്ടായ്മകളായ ഫെഡറേഷന്‍ ഓഫ് ദി യൂനിവേഴ്‌സിറ്റീസ് ഓഫ് ദി ഇസ്‌ലാമിക് വേള്‍ഡ്, ലീഗ് ഓഫ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റീസ് എന്നിവയില്‍ നേരത്തെ തന്നെ ദാറുല്‍ഹുദാ അംഗമാണ്. ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി മലേഷ്യ, അൽഖറവിയ്യീൻ യൂനിവേഴ്‌സിറ്റി മൊറോക്കോ, സുല്‍ത്താന്‍ ശരീഫ് അലി ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ബ്രൂണെ, ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഖത്തർ തുടങ്ങി ഡസനിലധികം രാജ്യാന്തര സര്‍വകലാശാലകളുമായി ദാറുല്‍ഹുദാക്ക് നിലവില്‍ അക്കാദമിക സഹകരണമുണ്ട്. സഹസ്രാബ്ദത്തിലേറെ പാരമ്പര്യമുള്ള അൽഅസ്ഹർ, ഇസ്‌ലാമിക ലോകത്തെ പരമോന്നത വിദ്യാപീഠമായാണ് ഗണിക്കപ്പെടുന്നത്. ദാറുല്‍ഹുദായില്‍ നിന്നു പഠനം പൂര്‍ത്തിയാക്കിയ പല ഹുദവികളും നിലവില്‍ അല്‍അസ്ഹറില്‍ ഉപരിപഠനം നടത്തുന്നുണ്ട്. സ്റ്റുഡന്റ്സ് എക്സ്ചേഞ്ച് പദ്ധതി പ്രകാരം ഇരുപത്തിയഞ്ച് ദാറുൽഹുദാ പി.ജി വിദ്യാര്‍ഥികള്‍ നാല്പത് ദിവസത്തെ ദൗറയിൽ പങ്കെടുത്ത് രണ്ടാഴ്ച മുമ്പ് ക്യാമ്പസിൽ തിരിച്ചെത്തിയിരുന്നു. പുതിയ എം.ഒ.യു പ്രകാരം അധ്യാപക-വിദ്യാര്‍ഥി കൈമാറ്റം, സംയുക്ത ഗവേഷണ പദ്ധതികള്‍, കോൺഫറൻസുകളിലെ പങ്കാളിത്തം തുടങ്ങിയ മേഖലകളില്‍ ഇരു സ്ഥാപനങ്ങളും സഹകരിച്ചു പ്രവര്‍ത്തിക്കും.