ഹിദായ നഗര്‍: കേരളത്തിലെ ന്യൂനപക്ഷ മുസ്‌ലിംകളുടെ നാനോന്മുഖ പുരോഗതിക്ക് അടിത്തറ പാകിയ മതവിദ്യാഭ്യാസ സംവിധാനങ്ങള്‍ ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് തമിഴ്‌നാട് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എം.അബ്ദുര്‍റഹ്മാന്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലെ പതിനായിരത്തിലേറെയുള്ള മദ്‌റസകള്‍, അറബിക് കോളേജുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ വഴി കേരളത്തില്‍ നടപ്പാക്കുന്ന സമൂഹ ശാക്തീകരണ പദ്ധതികള്‍ മറ്റു സംസ്ഥാനങ്ങളില്‍ നടപ്പാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ദാറുല്‍ഹുദാ ബിരുദദാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ദേശീയ ബിരുദധാരികളുടെ സംഗമത്തില്‍ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മതപരമായും രാഷ്ടീയപരമായും സംഘടനാ സംവിധാനം ശക്തിപ്പെടുത്തിയാല്‍ മാത്രമേ സമൂഹ ശാക്തീകരണം സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു.